പൃഥ്വിരാജ് സുകുമാരനും കരീന കപൂർ ഖാനും ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ചിത്രമായ ദായ്റയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.
മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം 2026 സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തും. ജംഗിൾ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പോലീസ് വേഷത്തിലാണ് പ്രിഥ്വിരാജ് എത്തുന്നത്.
യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ത്രില്ലർ ചിത്രമായ ദായ്റയുടെ തിരക്കഥ യാഷ് കെസ്വാനി, സീമ അഗർവാൾ, മേഘ്ന ഗുൽസാർ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ‘റാസി’, ‘തൽവാർ’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കുശേഷം മേഘ്ന ഗുൽസാറും ജംഗിൾ പിക്ചേഴ്സും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
റിലീസിന് മൂന്ന് മാസം മാത്രം ബാക്കിയിരിക്കെ ചിത്രത്തിന്റെ അണിയറ വിശേഷങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത ചിത്രീകരണ ദൃശ്യങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ബിടിഎച്ച് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
കുറ്റകൃത്യം, നീതി, ശിക്ഷ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ‘ദായ്റ’യിൽ കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. നിയമവും നീതിയും തമ്മിലുള്ള നേർത്ത അതിർവരമ്പുകളെ ചോദ്യം ചെയ്യുന്ന കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. പിആർഒ- സതീഷ് എരിയാളത്ത്.